നിരവധി ഹൃദയങ്ങൾ കീഴടക്കിയ ഒരു മനുഷ്യൻ
– ദീപക് നായർ
ശങ്കരനാരായണ പണിക്കർ – ദുബായിലെ സൺ പബ്ലിഷിംഗ് എഫ്‌ഇസഡ് എൽഎൽസിയുടെ മുൻ മാനേജിംഗ് ഡയറക്ടറും യുണൈറ്റഡ് മീഡിയ സർവീസസ് എൽഎൽസി, മസ്‌കറ്റിലെ മാർക്കറ്റിംഗ് & പബ്ലിഷിംഗ് മുൻ മേധാവിയും ആയിരുന്ന അദ്ദേഹം 2023 ഏപ്രിൽ 21 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കേരളത്തിലെ തിരുവന്തപുരത്ത് വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു. അദ്ദേഹത്തിന് 70 വയസ്സ് മാത്രമായിരുന്നു പ്രായം.
ഞാൻ അദ്ദേഹവുമായി വളരെ ഊഷ്മളമായ ഒരു വ്യക്തിഗത ബന്ധം പങ്കിടുകയും 1992 മുതൽ 1996 വരെ മസ്‌കറ്റിലെ എന്റെ കരിയറിലെ ആദ്യത്തെ നാലര വർഷം യുണൈറ്റഡ് മീഡിയ സർവീസസിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുകയും ചെയ്തു. അറിയപ്പെടുന്ന ഒരു മാധ്യമ പ്രൊഫഷണലായ അദ്ദേഹം, വളരെ നല്ല ശബ്ദഗാഭീര്യം ഉള്ള, എപ്പോഴും പോസിറ്റിവിറ്റി പ്രസരിപ്പിക്കുന്ന ഉർജ്ജസ്വലനായ മികവുറ്റ ഒരു വ്യക്തിത്വമായിരുന്നു. എപ്പോഴും ആമുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരിക്കും. ശരിക്കും പ്രചോദിപ്പിക്കുന്ന ഒരു വ്യക്തി, അദ്ദേഹം എന്റെ ബോസും ഗുരുവും ഉപദേഷ്ടാവും വിശ്വസ്തനും മാത്രമല്ല, ഒരു ജ്യേഷ്ഠനെപ്പോലെ സ്നേഹവും വാത്സല്യവും കൂടിതന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാൻ എനിക്ക് സാധിച്ചു.
സാമൂഹികമായി വളരെ ഉയർന്ന തലത്തിലുള്ള ഒരു മനുഷ്യനായിരുന്നു, മിക്കവാറും വാരാന്ത്യങ്ങളിൽ ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ പതിവായി ഒത്തുചേരാറുണ്ടായിരുന്നു, അവിടെ അദ്ദേഹത്തിന്റെ ഭാര്യ ബേബി തയ്യാറാക്കിയ നല്ല ഭക്ഷണത്തോടൊപ്പം അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ പ്രത്യേകിച്ച് മലയാളം ഗാനങ്ങളിലൂടെ ഞങ്ങളെ രസിപ്പിക്കുമായിരുന്നു. അദ്ദേഹത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട മലയാളം ഗാനങ്ങളിലൊന്ന് ഗായകൻ ജയചന്ദ്രന്റെ ഒരു ക്ലാസിക് ‘മഞ്ഞിലയിൽ മുങ്ങി തോർത്തി’ ആയിരുന്നു.
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ മുതുകുളം സ്വദേശിയായ ശങ്കർ, പൂനെയിലെ ഫെർഗൂസൻ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ എംഎ പൂർത്തിയാക്കിയ ഉടൻ തന്നെ 1978-ൽ മസ്‌കറ്റിൽ എത്തി. മറ്റുചില ചെറിയ ജോലികളിൽ പ്രവർത്തിച്ചു വരുന്നതിനിടെ 1980-ൽ മസ്‌കറ്റിലെ ഒരു ഇംഗ്ലീഷ് പത്രമായ അക്ബർ ഒമാനിൽ അതിന്റെ പരസ്യ പ്രതിനിധിയായി ചേർന്നു, അവിടെ നിന്ന് 1982-ൽ ഖലീജ് ടൈംസ് പത്രത്തിന്റെ പുതുതായി സജ്ജീകരിച്ച മസ്‌കറ്റ് ബ്രാഞ്ച് ഓഫീസിലേക്ക് അതിന്റെ പരസ്യ മാനേജരായി റിക്രൂട്ട് ചെയ്യപ്പെട്ടു. പിന്നീട് 1990-ൽ ഖലീജ് ടൈംസ് ഒമാൻ പ്രാതിനിധ്യം യുണൈറ്റഡ് മീഡിയ സർവീസസ് എൽഎൽസിക്ക് കീഴിലാവുകയും ശങ്കറും UMS-ന്റെ ഭാഗമാവുകയും അതിന്റെ മീഡിയ പോർട്ട്ഫോളിയോ വികസിപ്പിക്കുകയും 2000 വരെ UMS-ൽ തുടരുകയും ചെയ്തു.
ദുബായിലേക്ക് താമസം മാറ്റി
മസ്‌കറ്റിലെ 22 വർഷത്തെ സേവനത്തിന് ശേഷം, അദ്ദേഹം ദുബായിലേക്ക് കുടിയേറി, അവിടെ അദ്ദേഹം സൺ പബ്ലിഷിംഗ് എഫ്‌ഇസഡ് എൽഎൽസി സ്ഥാപിക്കുകയും 14 വർഷം അവിടെ ചിലവഴിക്കുകയും ഒടുവിൽ കേരളത്തിലെ തിരുവന്തപുരത്ത് സ്ഥിരതാമസമാക്കുകയും ചെയ്തു. 2006ൽ ദുബായിലിരിക്കെ ഒരു ദുരന്തം അദ്ദേഹത്തെ ബാധിച്ചു. പിഎസ്ജി കോളേജിൽ നിന്ന് എൻജിനീയറിങ് പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ മകൻ അരുൺ കോയമ്പത്തൂരിൽ വച്ച് വാഹനാപകടത്തിൽ പെട്ട് ജീവൻ നഷ്ടപ്പെടുകയുണ്ടായി, ഈ സംഭവം അദ്ദേഹത്തെ വലിയ രീതിയിൽ ഉലച്ചു, വളരെകാലമെടുത്താണ് ആ ദുഃഖത്തിൽ നിന്നും കുറച്ചെങ്കിലും മോചിതനാവാൻ അദ്ദേഹത്തിന് സാധിച്ചത്.
അദ്ദേഹത്തിന്റെ ഇളയമകൾ മകൾ ലക്ഷ്മി ശങ്കർ, ഓസ്‌ട്രേലിയയിൽ നിന്ന് എംബിഎ ബിരുദം നേടി, കാനഡയിൽ എച്ച്ആർ കൺസൾട്ടന്റായി ജോലി ചെയ്യുന്നു. കഴിഞ്ഞ രണ്ടുവർഷമായി ഭാര്യ ബേബിയും വൃക്കസംബന്ധമായ അസുഖബാധിതയാണ് , ഇപ്പോൾ ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് ചെയ്യുന്നു.
ഞാൻ അദ്ദേഹവുമായി വാട്‌സ്ആപ്പിൽ സ്ഥിരമായി ബന്ധപ്പെടാറുണ്ടായിരുന്നു, അവധിക്കാലത്ത് കേരളത്തിൽ പോകുമ്പോഴെല്ലാം അദ്ദേഹത്തെ കാണുമായിരുന്നു. 2022 സെപ്റ്റംബറിലാണ് ഞാൻ അദ്ദേഹത്തെ അവസാനമായി കണ്ടത്. അദ്ദേഹവുമായുള്ള എന്റെ അവസാന കൂടിക്കാഴ്ചയായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഏപ്രിൽ 15-ന് ഞങ്ങൾ വിഷു ആശംസകൾ കൈമാറി, അതായിരുന്നു അദ്ദേഹവുമായുള്ള അവസാനത്തെ സമ്പർക്കം.
മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും കൂടെയുണ്ടായിരുന്ന ഒരു മനുഷ്യസ്നേഹിയായിരുന്നു ശങ്കർ. അദ്ദേഹത്തിന് വളരെ വിശാലമായ ഒരു സുഹൃദ് വലയം ഉണ്ടായിരുന്നു, ആവശ്യമുള്ളവരെ സഹായിക്കാൻ അദ്ദേഹം എപ്പോഴും മുൻപന്തിയിൽ ഉണ്ടായിരുന്നു. ഞാൻ എന്റെ ബോസിനെ മിസ്സ് ചെയ്യും. എങ്കിലും ഞാൻ ആ മനോഹരമായ ഓർമ്മകൾ കാത്തുസൂക്ഷിക്കും. ചേട്ടന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു!
ജീവിതം നിറഞ്ഞ ഒരു മനുഷ്യൻ
“മുപ്പത്തിയഞ്ച് വർഷം മുമ്പ് 1988 ലാണ് ഞാൻ ഒമാനിൽ ജോലിക്ക് കയറിയത്. എന്നെ സ്വീകരിക്കാൻ സുഹൃത്ത് ഡോ.കോശിയുണ്ടായിരുന്നു. കോശി എന്നെ കൂട്ടിക്കൊണ്ടുപോയ ഒരു സമ്മേളനത്തിൽ, നല്ല പൊക്കമുള്ള വളരെ ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരൻ എന്റെ അടുത്ത് വന്ന് സ്വയം പരിചയപ്പെടുത്തി. തുടർന്ന് ഭാര്യ ബേബിയെയും പരിചയപ്പെടുത്തി. പറഞ്ഞുവന്നപ്പോൾ അവർ എന്റെ ബന്ധുവായിരുന്നു, അവരുടെ മാതാപിതാക്കളെയും അമ്മാവനെയും എനിക്ക് നന്നായി അറിയാം. അതോടുകൂടി ശങ്കർ വളരെ സന്തോഷത്തോടെ എന്നെ ഡോക്ടർ നായർക്ക് പകരം ചേട്ടൻ എന്ന് വിളിക്കാൻ തുടങ്ങി.
പിന്നെ, അന്നുമുതൽ ഞാനും അവരുടെ കുടുംബാംഗങ്ങളെപ്പോലെയായിരുന്നു. അന്ന് ഞാൻ തനിച്ചായിരുന്നു, എന്റെ കുടുംബം തിരുവനന്തപുരത്തായിരുന്നു. എനിക്ക് ഒമാൻ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതുവരെ, അവിടെയുള്ള യാത്രകളിൽ എന്നെ സഹായിച്ചിരുന്നത് അദ്ദേഹമായിരുന്നു , വാരാന്ത്യങ്ങളിൽ ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ വേണ്ടി അവരുടെ വീട് സന്ദർശിക്കണമെന്ന് അദ്ദേഹം എപ്പോഴും നിർബന്ധിക്കുമായിരുന്നു. ബേബി രുചികരമായ ഭക്ഷണം പാകം ചെയ്യാറുണ്ടായിരുന്നു. അവരുടെ മക്കൾക്ക്-ഉണ്ണിക്കുട്ടനും ലക്ഷ്മിയും-ഞാൻ വലിയമ്മാമ്മയായിരുന്നു.1997 ഡിസംബറിൽ, ഞാൻ തിരുവനന്തപുരത്തേക്ക് താമസം മാറി, 2014-ൽ ശങ്കറും തിരിച്ചെത്തി. അന്നുമുതൽ ഞങ്ങൾ ഇടയ്ക്കിടെ കണ്ടുമുട്ടാറുണ്ടായിരുന്നു. അവൻ എന്റെ ഇളയ സഹോദരനെപ്പോലെയായിരുന്നു. അവന്റെ ഊഷ്മളതയും സ്നേഹവും എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അവന്റെ അഭാവം എന്റെ ജീവിതത്തിൽ വലിയൊരു ശൂന്യത സൃഷ്ടിച്ചിരിക്കുന്നു.
ഒരു യഥാർത്ഥ സുഹൃത്ത്
ശങ്കറും ഞാനും 1995-ൽ ഒമാനിൽ വെച്ചാണ് ആദ്യമായി കണ്ടുമുട്ടുന്നത്. നമുക്കാവശ്യമുള്ളപ്പോൾ എപ്പോഴും നമ്മളോടൊപ്പം ഉണ്ടായിരുന്ന ഒരു സുഹൃത്തായിരുന്നു അദ്ദേഹം, മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും കരുതലും ഉത്സാഹവുമുള്ള ഒരാൾ. ഞങ്ങൾ പല മീറ്റിംഗുകളിലും കണ്ടുമുട്ടുകയും വിവിധ വിഷയങ്ങളെക്കുറിച്ച് ദീർഘനേരം ചർച്ച ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു. ശങ്കറിന് മികച്ച നർമ്മബോധമുണ്ടായിരുന്നു, എപ്പോഴും അദ്ദേഹത്തിൽ ഒരു വലിയ പുഞ്ചിരിയും ഉണ്ടായിരുന്നു. പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവർക്ക് സഹായഹസ്തം നീട്ടുവാനും മറ്റുള്ളവരുടെ പ്രശ്നങ്ങൾ കേൾക്കുവാനും അദ്ദേഹം എപ്പോഴും തയ്യാറായിരുന്നു.
സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും ഉള്ള വിശ്വസ്തതയായിരുന്നു ശങ്കറിന്റെ ഏറ്റവും നല്ല ഗുണങ്ങളിൽ ഒന്ന്. അദ്ദേഹം ഒരിക്കലും തന്റെ അഭിപ്രായങ്ങൾ ആരിലും അടിച്ചേൽപ്പിക്കാറില്ലായിരുന്നു എന്നാൽ വളരെ സത്യസന്ധവും പ്രായോഗികവുമായ അഭിപ്രായങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചിരുന്നു, എന്റെ കാഴ്ചപ്പാടിൽ വളരെ അഭിനന്ദനാർഹമായ ഒരു സ്വഭാവഗുണമായിരുന്നു അത്, അതെനിക്ക് വളരെ അധികം മിസ് ചെയ്യും. മറ്റുള്ളവരെ എപ്പോളും സന്തോഷിപ്പിക്കണം എന്നാഗ്രഹിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആത്മാവിന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് ശക്തിയും ധൈര്യവും നൽകണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിലും, ദയയുടെയും അനുകമ്പയുടെയും സഹാനുഭൂതിയുടെയും ഒരു പാരമ്പര്യം ശങ്കർ അവശേഷിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ഒരിക്കൽകൂടി നിത്യശാന്തി നേരുന്നു. ഓം ശാന്തി!
ഒരു അത്ഭുതകരമായ, കുലീനമായ വ്യക്തിത്വം
“ലോക ഭൂപടത്തിൽ അതിന്റെ കൃത്യമായ ഭൂമിശാസ്ത്രപരമായ സ്ഥാനം പോലും എനിക്കറിയാത്തപ്പോൾ 1981 നവംബർ 6 ന് ഞാൻ ആദ്യമായി മസ്‌കറ്റിൽ ഇറങ്ങി. ആലിബാബ കഥകൾ ഓർമയിലുണ്ടായതിനാൽ അന്യദേശത്തെ ഓരോ നീക്കവും അതീവ ജാഗ്രതയോടെയായിരുന്നു, തെറ്റായി എന്തെങ്കിലും സംഭവിച്ചാൽ ഉണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ച് ബോധ്യം ഉണ്ടായിരുന്നു. വിശ്വസിക്കാനും സംസാരിക്കാനും ആരുമില്ലാതെ, റൂവിയിലെ പുതിയ ഓഫീസിലെ ഒരു പരിഭ്രാന്തമായ പ്രഭാതം, പുതിയതായി കണ്ടെത്തിയ ഒമാനി മുതലാളിമാരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും അറബി ഭാഷയിൽ പരിചിതമായ ഒരു വാക്ക് മനസ്സിലാക്കുവാൻ ശ്രമിച്ചുകൊണ്ട്, അറിയാതെ എന്റെ കണ്ണുകൾ വീടിനോട് അല്ലെങ്കിൽ നാടിനോട് അടുപ്പമുള്ള ഒരാളെ തിരയുകയായിരുന്നു.
പിന്നെ ഒരു ചുഴലിക്കാറ്റ് പോലെ എവിടെ നിന്നോ നമ്മുടെ ഒബ്സർവർ ടീമിന് സ്വയം പരിചയപ്പെടുത്തി കൊണ്ട് ശങ്കരനാരായണൻ കടന്നു വന്നു. ഏതാനും മണിക്കൂറുകൾ എങ്ങനെ കടന്നുപോയി എന്ന് ഞാൻ ഓർക്കുന്നില്ല, അതിനുശേഷം, ഒമാനെ പറ്റിയും അതിന്റെ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്ന അതിന്റെ ക്യാപ്റ്റൻമാരെപ്പറ്റിയും ഏറക്കുറെ എനിക്കറിയുന്നതുപോലെ തോന്നി .
സുഹൃത്തായും, ഗുരുവായും, വഴികാട്ടിയായും തുടങ്ങിയ ആ കൂട്ടുകെട്ട് അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങൾ വരെ തുടർന്നു. ശങ്കറിന്റെ പറ്റിയുള്ള ചിന്തകൾ, അഭിലാഷങ്ങൾ, അദ്ദേഹത്തിന്റെ വിജയങ്ങൾ, കഷ്ടതകൾ എന്നിവയെ എന്റെ ഡിഎൻഎയിൽ നിന്ന് മാറ്റിനിർത്തുക എന്നത് എനിക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. എത്ര ആശ്വസിച്ചാലും അദ്ദേഹത്തിന്റെ വിയോഗവുമായി പൊരുത്തപ്പെടാൻ എനിക്കാവില്ല. അദ്ദേഹം ശരിക്കും കുലീനനായ ഒരു പുണ്യാത്മാവായിരുന്നു.
പ്രസരിപ്പുള്ള, സരസനായ ശുഭാപ്തിവിശ്വാസി ആയ വ്യക്തി
“എഴുപതുകളുടെ അവസാനം പൂനെയിലെ ഫെർഗൂസൺ കോളേജിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടുന്നതു മുതൽ എനിക്ക് ശങ്കറിനെ അറിയാം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മസ്‌കറ്റിൽ വെച്ച് വീണ്ടും കണ്ടുമുട്ടുകയുണ്ടായി. മസ്‌കറ്റിൽ വെച്ച് ഞങ്ങൾ അത്ഭുതകരമായി കണ്ടുമുട്ടിയ ആ ദിവസം ഞാൻ ഇപ്പോഴും സ്‌നേഹത്തോടെ ഓർക്കുന്നു. അത് ഒരു കോർപ്പറേറ്റ് ഇവന്റിലാണ്, അവിടെ അദ്ദേഹം എന്റെ അടുത്ത് വന്ന് പരിചയം പുതുക്കുകയും തുടർന്ന് എന്നെയും എന്റെ കുടുംബത്തെയും കുറിച് അദ്ദേഹത്തിന് അറിയുന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞെങ്കിൽ കൂടിയും എനിക്ക് അദ്ദേഹത്ത പെട്ടന്ന് തിരിച്ചറിയുവാൻ സാധിച്ചില്ല , കാരണം അവൻ തന്റെ വിദ്യാർത്ഥി കാലത്ത് കണ്ടിരുന്നതിൽ നിന്ന് ഒരുപാട് മാറിയിരുന്നു. മസ്‌കറ്റിലെ ആ ആദ്യ കൂടിക്കാഴ്ച മുതൽ ഞങ്ങൾ വളരെ അടുത്ത കുടുംബ സുഹൃത്തുക്കളും അയൽക്കാരുമായി. അദ്ദേഹം ഒമാൻ വിട്ടതിനു ശേഷവും ഞങ്ങൾ പതിവായി ബന്ധപ്പെടുകയും പരസ്പരം കാണുകയും ചെയ്യുന്നുണ്ടായിരുന്നു. വളരെ സരസനായ ശുഭാപ്തി വിശ്വാസമുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്. ദുബായിലേക്ക് താമസം മാറിയതിന് ശേഷവും, 2014-ൽ വിരമിച്ചതിന് ശേഷവും ഞാൻ യു.എ.ഇ.യിയും പിന്നീട് തിരുവനന്തപുരത്തും സന്ദർശിക്കുമ്പോഴെല്ലാം അദ്ദേഹം കണ്ടുമുട്ടുമായിരുന്നു.
സുഹൃത്ത്, തത്വചിന്തകൻ, വഴികാട്ടി
“എന്റെ സുഹൃത്തും, തത്ത്വചിന്തകനും ഗുരുവുമായ ശങ്കറുമായുള്ള എന്റെ ബന്ധം വാക്കുകൾക്ക് അതീതമാണ്. നമ്മുടെ ജീവിതത്തിൽ നിരവധി ആളുകളെ നാം കണ്ടുമുട്ടുന്നു, എന്നാൽ അവസാനം വരെ എന്നേക്കും നമ്മോടൊപ്പം നിൽക്കുന്ന ചുരുക്കം ചില ആളുകലെയുള്ളൂ. അദ്ദേഹത്തിന്റെ ഗാഭീര്യമാർന്ന ശബ്ദവും നിശ്ചയദാർഢ്യവും ഏത് ലക്ഷ്യവും നേടാനുള്ള സന്നദ്ധതയും അവിശ്വസനീയമാണ്.
“നിങ്ങൾ പോകുന്നിടത്ത് എങ്ങനെ എത്തിച്ചേരാമെന്ന് മഹാന്മാർ നിങ്ങളോട് പറയുന്നു; വലിയ മനുഷ്യർ നിങ്ങളെ അവിടേക്ക് കൊണ്ടുപോകുന്നു.” ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. 1991-ൽ കൊച്ചിയിലെ എന്റെ ആദ്യത്തെ റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് പ്രൊജക്റ്റ് ഗോവിന്ദ് അപ്പാർട്ട്‌മെന്റ് പ്രൊമോട്ട് ചെയ്യുന്നതിനായി ഒമാനിലേക്കുള്ള എന്റെ ആദ്യ സന്ദർശനത്തിലാണ് ഞാൻ അദ്ദേഹത്തെ കണ്ടത്. എന്റെ ജീവിതത്തിലുടനീളം അദ്ദേഹം എന്നോടൊപ്പം ഉണ്ടായിരുന്നു. ഞങ്ങൾ പല പദ്ധതികളും വിജയകരമായി പ്രമോട്ട് ചെയ്തു. കോയമ്പത്തൂരിൽ ഒരു വാഹനാപകടത്തിൽ തന്റെ പ്രിയപ്പെട്ട മകൻ അരുൺ നഷ്ടപ്പെട്ടതാണ് അദ്ദേഹത്തിന് ജീവിതത്തിൽ ഏറ്റവും ദൗർഭാഗ്യകരമായി സംഭവിച്ചത്. അദ്ദേഹത്തിന്റെ മകനോടുള്ള ആദരസൂചകമായി, ഞങ്ങളുടെ അടുത്ത ഗേറ്റഡ് കമ്മ്യൂണിറ്റി പ്രോജക്ടിന് “ലാൻഡ്മാർക്ക് അരുണോദയം” എന്ന് ഞങ്ങൾ പേരിട്ടു.
ഞങ്ങൾ ഒരുപാട് തത്ത്വചിന്താപരമായ ചർച്ചകൾ നടത്തിയിരുന്നു, ഹിമാലയത്തിലുള്ള തന്റെ മകന്റെ ആത്മാവിനോട് ഒരു ദിവസം സംസാരിക്കാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന് ആഴത്തിലുള്ള വായനാശീലം ഉണ്ടായിരുന്നു. സമഗ്രതയും അറിവും ഉള്ള ഒരു മനുഷ്യൻ. ഞാൻ അദ്ദേഹത്തെ എത്രമാത്രം മിസ് ചെയ്യുന്നു എന്ന് വിവരിക്കാൻ എനിക്ക് വാക്കുകളില്ല. എന്റെ ജീവിതാവസാനം വരെ അദ്ദേഹത്തിന്റെ നല്ല ഓർമ്മകൾ എന്നോടൊപ്പം ഉണ്ടായിരിക്കും. അദ്ദേഹത്തിന്റെ ആത്മാവിന് എന്റെ എളിയ പ്രണാമം. കാലം ദു:ഖം കുറയ്ക്കട്ടെ, ഭാവിയിൽ മുന്നോട്ട്പോവാൻ അദ്ദേഹത്തിന്റെ കുടുംബത്തിന് ശക്തി നൽകട്ടെ.
പലർക്കും വഴികാട്ടിയായ ഒരു വ്യക്തി
“വളരെ കുറച്ച് ആളുകൾ മാത്രമേ നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്നുള്ളൂ, അവരോടൊപ്പം ചെലവഴിച്ച സമയം വിലമതിക്കാനുള്ള ഓർമ്മയായി അവശേഷിക്കുന്നു. അതിലൊരാളായിരുന്നു ശങ്കർ. പലർക്കും ‘ഗോഡ്ഫാദർ’ ആയ അദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോൾ എന്റെ മനസ്സിൽ വരുന്ന ആദ്യത്തെ കാര്യം വാക്കുകൾ അനുകമ്പയും പ്രചോദനവുമാണ്, അദ്ദേഹത്തോടൊപ്പം നിരവധി സന്തോഷകരമായ വാരാന്ത്യങ്ങൾ അദ്ദേഹത്തിന്റെ സംഭാഷണങ്ങളിലൂടെയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പഴയ മലയാളം ഗാനങ്ങൾ ആലപിച്ചും ഒരു പറ്റം സുഹൃത്തുക്കളോടൊപ്പം ചേർന്ന് ചിലവഴിക്കാൻ സാധിച്ചിട്ടുണ്ട് ഒപ്പം നല്ല ഭക്ഷണവും. അദ്ദേഹം എപ്പോഴും ഏറ്റവും ഉയർന്ന ബഹുമാനത്തോടുകൂടി ഓർമ്മിക്കപ്പെടുകയും ഒപ്പം തന്നെ വളരെ അധികം മിസ്സ് ചെയ്യപ്പെടുകയും ചെയ്യും. അദ്ദേഹത്തിന്റെ കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം. സാറിന്റെ ആത്മാവിന് നിത്യശാന്തി!
ഊഷ്മളവും സ്വാഗതാർഹവുമായ വ്യക്തിത്വം
“ഒമാനിൽ കരിയറിന്റെ പ്രാരംഭ ഘട്ടത്തിൽ ബുദ്ധിമുട്ടുന്ന നിരവധി ആളുകൾക്ക് ശങ്കർ ഒരു മാർഗദർശിയും ഗുരുവുമായിരുന്നു. കരിയറിന്റെ തുടക്കകാലത്ത് അദ്ദേഹത്തിന്റെ നല്ല ഉപദേശങ്ങളും ഊഷ്മളതയും ലഭിച്ചിരുന്ന ആളുകളിൽ ഒരാളായിരുന്നു ഞാനും.
വാരാന്ത്യങ്ങളിൽ അയൽക്കാരനെന്ന നിലയിൽ അദ്ദേഹത്തോടൊപ്പം പാട്ടുപാടി പാർട്ടി ആസ്വദിച്ചതും ഞാൻ ഓർക്കുന്നു. അദ്ദേഹത്തിന്റെ ഉയർന്ന വ്യക്തിത്വവും ആജ്ഞാശക്തിയുള്ള ശബ്ദവും എപ്പോഴും പ്രസന്നമായ സ്വഭാവവും അദ്ദേഹവുമായി ഇടപഴകുന്ന എല്ലാവരിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തി. അദ്ദേഹം ദുബായിലേക്ക് മാറിയതിനു ശേഷവും, എന്റെ പതിവ് സന്ദർശനങ്ങളുടെ ഭാഗമായി ഞാൻ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു, അദ്ദേഹം നമ്മെ ഊഷ്മളമായി സ്വാഗതം ചെയ്യുന്ന ഒരു വ്യക്തിത്വത്തിനുടമയായിരുന്നു . അദ്ദേഹം നമ്മെ വളരെ നേരത്തെ വിട്ടുപോയി, ആ ശൂന്യത ഒരിക്കലും നികത്താനാവില്ല. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക്, പ്രത്യേകിച്ച് ഭാര്യ ബേബിക്കും മകൾ ലക്ഷ്മിക്കും ഹൃദയംഗമമായ അനുശോചനം. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.”
നാൽപ്പത് വർഷത്തെ സൗഹൃദം
1980-81 കാലഘട്ടത്തിൽ മസ്‌കറ്റിൽ വച്ചാണ് ഞാൻ ശങ്കറിനെ കാണുന്നത്. അന്ന് രണ്ട് ഇംഗ്ലീഷ് വാരികകളിൽ ഒന്നായ അക്ബർ ഒമാനോടൊപ്പമായിരുന്നു അദ്ദേഹം. മറ്റൊന്ന് ടൈംസ് ഓഫ് ഒമാൻ ആയിരുന്നു. 1982-ൽ അദ്ദേഹം ഖലീജ് ടൈംസിലേക്ക് (KT) മാറിയപ്പോൾ ഞങ്ങൾ മിക്ക ദിവസങ്ങളിളിലും കാണാറുണ്ടായിരുന്നു
1988 മുതൽ 1997 വരെ കെ.ടി.യിലുള്ള എന്റെ ജോലിയിൽ ഞങ്ങൾ സഹപ്രവർത്തകരായി, ഞങ്ങളുടെ സൗഹൃദം കൂടുതൽ ദൃഡമായി. ശങ്കർ 2000-ൽ കെടി വിട്ട് യുഎഇയിലേക്ക് മാറി. അവിടെ ഒരു പ്രസിദ്ധീകരണ സ്ഥാപനം തുടങ്ങാൻ അദ്ദേഹം ആഗ്രഹിച്ചു, ഒപ്പം ചേരാൻ എന്നെയും വിളിച്ചു. ആ സമയത്ത് ഞാൻ ഇന്ത്യയിലായിരുന്നു.
ഞാൻ അദ്ദേഹത്തിന്റെ ക്ഷണപ്രകാരം 2001 ഫെബ്രുവരിയിൽ യു എ ഇയിൽ ചേർന്നു. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന പിനാക്കിൾ അഡ്വർടൈസിംഗുമായി അദ്ദേഹം ചേർന്നുപ്രവർത്തിക്കാൻ ആരംഭിച്ചു. ഷാർജ & എമിറേറ്റ്‌സ് ടുഡേ ആണ് ഞങ്ങൾ ആദ്യം പുറത്തിറക്കിയ പ്രസിദ്ധീകരണം, സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും വേണ്ടിയുള്ള പ്രതിമാസ വാരിക . ഞങ്ങളുടെ രണ്ടാമത്തെ പ്രസിദ്ധീകരണം ബാങ്കേഴ്‌സ് ഡൈജസ്റ്റ്, ബാങ്കിംഗ്, ഫിനാൻസ് എന്നിവയെക്കുറിച്ചുള്ള ദ്വൈമാസികയായിരുന്നു.
ദുബായ് മീഡിയ സിറ്റി ലൈസൻസ് ലഭിച്ചതോടെ ആ സംരംഭത്തിന്റെ പേരുമാറ്റി, ഷാർജ ആൻഡ് എമിറേറ്റ്‌സ് ടുഡേ, “യു എ ഇ ടുഡേ” എന്ന് പുനർനാമകരണം ചെയ്യുകയും ജീവിതശൈലി മാസികയായി മാറുകയും ചെയ്തു. എന്നാൽ ബാങ്കേഴ്സ് ഡൈജസ്റ്റ് തുടർന്നു പോയി . 2004 മാർച്ചിൽ ഞാൻ ആ സ്ഥാപനവുമായി വേർപിരിഞ്ഞെങ്കിലും ഞങ്ങളുടെ സൗഹൃദം തുടർന്നുപോന്നു.
പരസ്യമേഖലയിലെ താരം
90 കളിൽ ഒമാനിലെ ഒരു പരസ്യമേഖലയിൽ തിളങ്ങിനിന്ന ഒരു ഐക്കണായിരുന്നു ശങ്കർ. ഖലീജ് ടൈംസ്/യുണൈറ്റഡ് മീഡിയ സർവീസസിന്റെ മുഖമായിരുന്നു അദ്ദേഹം. യുണൈറ്റഡ് മീഡിയ സർവീസസിൽ ജോലി ചെയ്യുന്ന കാലത്ത് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. അതിന്റെ ബ്ലൂ ചിപ്പ് ശീർഷകങ്ങളിലൊന്നായ യുഎംഎസിനായി ശങ്കർ പ്രോഗ്രസ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. അദ്ദേഹം വളരെ വിജയകരമായ മാർക്കറ്റിംഗ് പ്രൊഫഷണൽ ആയിരുന്നു. ലോറൻസ് പിന്റോ ഈ അഭിമാനകരമായ പദ്ധതിയുടെ എഡിറ്ററും ഞാൻ ക്രിയേറ്റീവ് ഡയറക്ടറും ആയിരുന്നു. ജോലി സംബന്ധമായി ദൂരെയുള്ള പ്രസ്സിലേക്ക് ഞങ്ങൾ പലതവണ ഒരുമിച്ച് പോയിട്ടുണ്ട്, അങ്ങിനെയുള്ള ദീർഘദൂര യാത്രകളിൽ അദ്ദേഹത്തിന്റെ അത്ഭുതകരമായ സംഭാഷണവും ഉച്ചത്തിലുള്ള ചിരിയും മറക്കാനാവാത്തതാണ്.
ഗൾഫാറിലെ ശ്രീ മുഹമ്മദ് അലിയുടെ വളരെ അടുത്ത സുഹൃത്തായിരുന്നു ശങ്കർ. അദ്ദേഹം ശങ്കറിന് അദ്ദേഹത്തിന്റെ കമ്പനി ഓഡിറ്റോറിയത്തിൽ വലിയ യാത്രയയപ്പ് നൽകിയിരുന്നു. അതിശയകരമെന്നു പറയട്ടെ, അതിനായി എനിക്കും ക്ഷണം ലഭിച്ചു, ആതിഥേയൻ അദ്ദേഹത്തിനു മേൽ ചൊരിയുന്ന അനുമോദനങ്ങൾ കണ്ട് ഞാൻ ആശ്ചര്യപ്പെട്ടിരുന്നു .
അദ്ദേഹം ഒമാൻ വിട്ടശേഷവും യുഎഇയിൽ നിന്ന് എന്നെ ബന്ധപ്പെട്ടിരുന്നു. ദുബായിലെ പരിപാടികൾക്കിടയിൽ ഞങ്ങൾ രണ്ടോ മൂന്നോ തവണ പരസ്പരം കണ്ടിരുന്നു. ഒരിക്കൽ എനിക്ക് അത്യാവശ്യമായപ്പോൾ, റോയൽ ഹോസ്പിറ്റലിലെ ഡോ. മാധവൻ നായരെ അദ്ദേഹം എനിക്ക് പരിചയപ്പെടുത്തി, അദ്ദേഹം എല്ലായിപ്പോഴും എന്നോട് ചെയ്തിരുന്ന സഹായങ്ങളും സഹാനുഭൂതിയും ഞാൻ ഒരിക്കലും മറക്കില്ല. അദ്ദേഹം മറ്റുള്ളവരിൽ നിന്നും എത്രയോ മേലെ മികച്ചുനിന്നിരുന്ന ഒരു വ്യക്തിയായിരുന്നു ! അദ്ദേഹം എപ്പോഴും ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ടാവും! ആദരാഞ്ജലികൾ!
ചിലപ്പോൾ, ഉത്തരങ്ങളൊന്നുമില്ല
ശങ്കർ നാരായണൻ നമ്മെ പിരിയുന്നതിന് ഒരാഴ്ച മുമ്പ്, ഒമാനിലെ അപ്പോളോ ഹോസ്പിറ്റൽസ് മാനേജിംഗ് ഡയറക്ടർ വി.ടി. ശൈലേശ്വരനോട് ഞാൻ അദ്ദേഹത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു. ഞാനും സൈലേഷും എന്തൊക്കെയോ ചർച്ച ചെയ്യുന്നതിനിടയിൽ പെട്ടെന്ന് ശങ്കറിന്റെ പേര് മനസ്സിൽ തെളിഞ്ഞു വന്നു.
ശാന്തമായ ജീവിതം
എന്തുകൊണ്ടെന്ന് എനിക്കറിയില്ല.
ഞാൻ ശൈലേഷിനോട് ശങ്കറിനെ കുറിച്ച് തിരക്കി, അദ്ദേഹം കേരളത്തിൽ ശാന്തമായ ജീവിതം നയിക്കുകയാണെന്ന് ശൈലേഷ് പറഞ്ഞു. ദുബായിലെ തന്റെ ജീവിതകാലത്തിനിടയിൽ അദ്ദേഹത്തിനുണ്ടായ ദുരന്തത്തിന് ശേഷം വർഷങ്ങൾ പിന്നിട്ടെങ്കിലും, അദ്ദേഹം ഒരിക്കലും പഴയ ശങ്കർ ആയിമാറിയിരുന്നില്ല. വളരെ പ്രസരിപ്പുള്ള, ആത്മവിശ്വാസമുള്ള സന്തോഷവാനായ ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹം. എന്റേതുൾപ്പെടെ ചുറ്റുമുള്ള നിരവധി ജീവിതങ്ങളിൽ പുഞ്ചിരി കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു.
അഭിമാനിയായ ഇന്ത്യക്കാരൻ
ഗൾഫിൽ മലയാളികൾ തിക്കിത്തിരക്കുകയാണെന്ന് പലരും തെറ്റായി കരുതിയിരുന്ന കാലത്ത് പോലും അദ്ദേഹം അഭിമാനിയായ ഇന്ത്യക്കാരനും അതിലും അഭിമാനിയായ മലയാളിയുമായിരുന്നു. നിശ്ശബ്ദരായ, മറ്റുള്ളവരിൽനിന്നും അല്പം വ്യത്യസ്‍തരായ ഞങ്ങൾ മലയാളികളെ അദ്ദേഹം പ്രതിനിധീകരിച്ചു,
എങ്ങനെ മുന്നിട്ടുവരണമെന്നോ മറ്റുള്ളവരോടൊപ്പം നിൽക്കണമെന്നോ അറിയാതെ ഇരുന്ന കാലത്ത് ഞങ്ങളും മറ്റുള്ളവരെപ്പോലെ തന്നെയോ അല്ലെങ്കിൽ അതിലും മികച്ചവരാണെന്നോ ലോകത്തോട് വിളിച്ചു പറയാൻ അദ്ദേഹം ഒരു ലീഡർ ആയി ഞങ്ങളോടൊപ്പം നിന്നു. ഞങ്ങളെ ആക്രമിക്കുന്ന എല്ലാത്തിനെയും എതിരിടാൻ പോന്ന കെൽപ്പുള്ളയാൾ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിനെ ആ സംരക്ഷണത്തിലും വാത്സല്യത്തിലും ഞങ്ങളെല്ലാവരും തന്നെ വളരെയധികം സന്തോഷിച്ചിരുന്നു. ശങ്കർ ഇതൊക്കെയും അതിലുപരിയും മികച്ച മറക്കാനാവാത്ത ഒരു മനുഷ്യനായിരുന്നു, അതിന്റെ കാരണങ്ങൾ അദ്ദേഹത്ത സ്നേഹിക്കുന്ന എല്ലാവർക്കും അറിയാം, അതോടൊപ്പം തന്നെ എണ്ണി പറയാൻ പറ്റാത്തഅത്രയും കാരണങ്ങൾ വേറെ ഉണ്ടുതാനും.
ഒരു മുൻകരുതൽ?
പെട്ടന്ന് ശങ്കറിന്റെ പേര് എന്റെ മനസ്സിൽ വരാൻ ഒരു കാരണവുമുണ്ടായിരുന്നില്ല, പക്ഷേ അത് സംഭവിച്ചു, അദ്ദേഹത്തെ പെട്ടന്ന് തന്നെ വിളിക്കണം എന്ന് ഞാൻ എന്നോടുതന്നെ പറഞ്ഞു. എന്നാൽ വളരെ പെട്ടന്ന് ഒരാഴ്ചയ്ക്കുള്ളിൽ അത് സംഭവിച്ചു, എന്റെ മറ്റൊരു സുഹൃത്ത്, മസ്‌കറ്റിലെ ഖലീജ് ടൈംസിൽ ശങ്കറിന്റെ മുൻ സഹപ്രവർത്തകനും ദുബായിൽ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്നതുമായ ലോറൻസ് പിന്റോ, ശങ്കർ ഇനി ഇല്ലെന്ന് എനിക്ക് സന്ദേശമയച്ചു. ഈ സംഭവവികാസത്തിൽ ഞാൻ ആകെ നിശ്ചലനായി! എന്തുകൊണ്ടാണ് ഞാൻ ആ സമയത്ത് ശങ്കറിനെ കുറിച്ച് ചിന്തിച്ചത്? അതൊരു മുൻകരുതലായിരുന്നോ?
നിശബ്ദതയുടെ മതിൽ
ഒരു പഴയ സുഹൃത്തിന്റെ മരണവാർത്ത ചിലപ്പോൾ നിശബ്ദതയുടെ ഒരു കനത്തപാളി നമ്മുടെ ഹൃദയത്തിലേക്ക് കൊണ്ടുവരും, വളരെ കനത്ത നിശബ്ദത, നിശ്ചലമായ ഒരു അവസ്ഥ! അദ്ദേഹവുമായി കുറച്ചു സംസാരിക്കുക അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുക, വർഷങ്ങളുടെ നിശബ്ദതയുടെ അഗാധത ഇല്ലാതാക്കുക.ശങ്കറിനോട് കുറച്ചുക്കൂടി സംസാരിക്കാൻ എനിക്ക് കഴിഞ്ഞില്ല എന്നതാണ് എന്നെ ഏറെ വേദനിപ്പിക്കുന്നത്.
എന്തുകൊണ്ടവർ പോയി?
ഇപ്പോൾ, എന്റെകയ്യിൽ അതിനുള്ള ഉത്തരമില്ല . അദ്ദേഹത്തിന്റെ കുടുംബത്തിലെ പ്രിയപ്പെട്ടവർക്കും അത് അറിയുന്നുണ്ടാവില്ല ഉണ്ടാകില്ല. എന്തുകൊണ്ടാണ് ശങ്കർ പെട്ടെന്ന് പോയത്? ഇത്രയും വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ മകൻ എന്തിനാണ് ഇതുപോലെ പോയത്?
ഉത്തരങ്ങളില്ല.
ഉത്തരങ്ങളൊന്നുമില്ല
ശങ്കറിന്റെ വിയോഗത്തെ കുറിച്ച് ആലോചിക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു ഭാരമുണ്ട്. കൂടാതെ, ഇതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഓരോരുത്തരുടെയും ജീവിതത്തിൽ നിന്ന് വഴുതിപ്പോയ അവരുടെ പ്രിയപ്പെട്ടവരുടെ ദാരുണമായ നഷ്ടം എങ്ങനെയാണ് ആ കുടുംബാംഗങ്ങൾ സഹിക്കുന്നതെന്നോർത്ത് ഞാൻ അത്ഭുതപ്പെടാറുണ്ട്.
എനിക്ക് ഇപ്പോഴും ഉത്തരം ഇല്ല.
മസ്കത്തിലെ ഇന്ററാക്ടീവ് ഡിജിറ്റൽ മീഡിയ ടെക്നോളജീസ് എൽഎൽസിയുടെ സിഇഒ യാണ് ദീപക് നായർ. ശങ്കരനാരായണ പണിക്കരുടെ കീഴിൽ 1992 മുതൽ 1996 വരെ യുണൈറ്റഡ് മീഡിയ സർവീസസ് എൽഎൽസിയിൽ ജോലി ചെയ്തിരുന്നു .